കവിതാവതരണത്തിനു ‘മാമ്പഴ’ത്തിന്റെ വഴി മതിയോ?
by Manoj Kuroor on Sunday, September 19, 2010 at 10:03pm
മാമ്പഴം എന്ന കവിതാവതരണപരിപാടി മലയാളകവിതയോടു ചെയ്യുന്ന കുറ്റകൃത്യമാണെന്നു ഫേസ് ബുക്കിലെ ഒരു നോട്ടില്‍ സാബു ഷണ്മുഖം ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതാചര്‍ച്ചയിലും ഈ വിഷയത്തിലുള്ള വിചാരങ്ങളുണ്ട്. ഇപ്പോള്‍ കെ. പി. നിര്‍മല്‍ കുമാര്‍ ഈ പരിപാടിയെ പരാമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പുകൂടി കണ്ടപ്പോള്‍ ഇത്രയെങ്കിലും എഴുതണം എന്നു തോന്നി.
പെര്‍ഫോര്‍മന്‍സ് പോയട്രി ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ടല്ലൊ. കവിതയ്ക്കു പരമ്പരാഗതമായിത്തന്നെ വാചികപാരമ്പര്യവുമായുള്ള ബന്ധം കവിതയുടെ അവതരണത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ അച്ചടിയുടെ പ്രചാരത്തോടെ കവിതയ്ക്കും രൂപപരിണാമങ്ങള്‍ സംഭവിച്ചു. ശ്രാവ്യസാധ്യതകള്‍ക്കൊപ്പംതന്നെ ദൃശ്യസാധ്യതകളും അവയില്‍ പല തരത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യമെന്ന നിലയില്‍ കാണപ്പെടുമ്പോഴും കവിത കേള്‍വിയുടെ ഭാവനയ്ക്കാണു മുന്‍തൂക്കം നല്‍കുന്നത് എന്നും ഒരു വാദമുണ്ട്. ഹാര്‍വേ ഗ്രോസ്സ്, റിച്ചാര്‍ഡ് ഡി. ക്യുറേടോണ്‍ എന്നിവരുടെ ‘ഓഡിറ്ററി ഇമാജിനേഷന്‍ എന്ന സങ്കല്പനം ഇത്തരത്തില്‍ ശ്രദ്ധേയമാണ്.
ആഫ്രോ അമേരിക്കന്‍ -അറബ് -യൂറോപ്യന്‍ സാംസ്കാരികപരിസരങ്ങളില്‍ കവിതാവതരണങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. അമേരിക്കയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ അധോതലസംസ്കാരത്തിന്റെ മുദ്രകള്‍ പ്രകടിപ്പിച്ച ബീറ്റ് ജെനറേഷന്റെ ഭാഗമായിരുന്ന അലന്‍ ജിന്‍സ്ബെര്‍ഗ്, ജാക്ക് കെറുവാക്ക് തുടങ്ങിയ കവികള്‍ പൊതുവായ സദാചാരസങ്കല്പങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ പ്രതികരണത്തിന് കവിതാവതരണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തെലുങ്കാനയിലെ ഗദ്ദാര്‍ കവിതാവതരണത്തെ സാമൂഹികവിമോചനത്തിനുള്ള പ്രധാന മാധ്യമമായിത്തന്നെ കാണുന്നു. കേരളത്തില്‍ എഴുപതുകളില്‍ പ്രചാരം നേടിയ കവിയരങ്ങ്, ചൊല്‍ക്കാഴ്ച എന്നിവയ്ക്കും സാംസ്കാരികമായ പ്രസക്തിയുണ്ട്. ചൊല്‍ക്കാഴ്ചയില്‍ വൃത്ത/താളമുക്തമായ കവിതകളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കവിയരങ്ങുകളും ചൊല്‍ക്കാഴ്ചകളും കുറഞ്ഞുവന്ന ഒരു ഘട്ടത്തില്‍ സാഹിത്യത്തെക്കാള്‍ സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന കവിതാവതരണരീതിയ്ക്കാണു പ്രാധാന്യം ലഭിച്ചത്. മാമ്പഴം എന്ന പരിപാടി പിന്തുടരുന്ന രീതിയും അതുതന്നെ.
കവിതാവതരണമത്സരം ടെലിവിഷനിലൂടെ നടത്തപ്പെടുന്നതും പലയിടങ്ങളില്‍ കണ്ടു കഴിഞ്ഞതാണ്. എച്ച്. ബി. ഓ. ചാനലിലെ ഡെഫ് ജാം പോയട്രി, ബ്രിട്ടീഷ് സ്ലാം പോയട്രി എന്നിവ ഉദാഹരണം. ഇവയൊക്കെ പദ്യത്തിലുള്ള കവിതകള്‍ സംഗീതാത്മകമായി അവതരിപ്പിക്കുക എന്ന പരമ്പരാഗതരീതിയെക്കാള്‍ പദ്യ-ഗദ്യ വ്യത്യാസമില്ലാതെ സമകാലികകവിതയുടെ അവതരണത്തില്‍ ശ്രദ്ധയൂന്നുന്നു. കവിതന്നെ കവിത അവതരിപ്പിക്കുന്നു. കവിതയിലെ സ്വരഭേദങ്ങള്‍ക്കനുസരിച്ച് മുഖവും ശരീരവും വരെ ഉപയോഗിക്കുന്നു.
മാമ്പഴത്തിലാകട്ടെ, പ്രധാനമായും പദ്യത്തിലുള്ള കവിതകള്‍ സംഗീതത്തിലെ രാഗങ്ങളില്‍ കേന്ദ്രീകരിച്ച് അവതരിപ്പിക്കുക എന്നതിനപ്പുറത്തുള്ള സാധ്യതകള്‍ കാര്യമായി ഉപയോഗിച്ചുകാണുന്നില്ല. കവിതയെഴുതുകയും പലയിടങ്ങളില്‍ ചൊല്ലുകയും ചെയ്തതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടു പറയട്ടെ, ഒരു കവിതയുടെതന്നെ പലയിടങ്ങളിലുള്ള സ്വരഭേദങ്ങളും വികാരവൈവിധ്യവും പ്രകടിപ്പിക്കാന്‍ രാഗകേന്ദ്രിതമായ ചൊല്ലലിനു സാധ്യത കുറവാണ്. അവിടെ കവിതയെക്കാള്‍ മുന്‍തൂക്കം സംഗീതത്തിനാണ്. കവിതയ്ക്ക് ഒരു ജനകീയമാധ്യമത്തിലൂടെ സംഭവിക്കുന്ന പ്രചാരത്തില്‍ സന്തോഷമുണ്ടെങ്കിലും അതിന്റെ പൊതുരീതി, ‘മറ്റൊരു വിധമായിരുന്നെങ്കില്‍’ എന്നുതന്നെ പറയിപ്പിക്കുന്നു. കവിതയുടെ രൂപവൈവിധ്യത്തെയാകെ അപ്രസക്തമാക്കുന്ന വിധത്തില്‍ പദ്യത്തിലുള്ള കവിതയ്ക്ക് സംഗീതം നല്‍കി അവതരിപ്പിക്കുക എന്ന പരിമിതമായ സാധ്യത മാത്രമാണ് ഈ കവിതാവതരണപരിപാടിയില്‍ ഉപയോഗിക്കപ്പെടുന്നത്. ഈ പരിപാടിയുടെ സംഘാടകര്‍ കവിതാവതരണത്തിന്റെ മറ്റു സാധ്യതകള്‍കൂടി അന്വേഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ. വൃത്തവും താളവും സംഗീതവുമില്ലാത്ത കവിതകള്‍ക്കും അവതരണസാധ്യതയുണ്ടെന്നു ചൊല്‍ക്കാഴ്ചകള്‍ നേരത്തെതന്നെ തെളിയിച്ചു കഴിഞ്ഞതാണ്. സമകാലികകവിതയുടെഭാവ- രൂപവൈവിധ്യത്തോട് ചേര്‍ന്നുപോകുന്ന അവതരണസാധ്യതയെക്കുറിച്ച് കവികളും ആലോചിക്കുമെന്നു കരുതട്ടെ.
Comment · Like · Share
No comments:
Post a Comment